സഹയാത്രികര്‍

സഹയാത്രികര്‍

ബിന്ദു ടിജി

ഈ തണുത്ത നിലാവിലൊന്നു ഇറങ്ങിയാലോ
കുളിരുവോളം കോരി കുടിക്കാം
വേണ്ട, നീര്‍ദോഷം വരും

കൂരിരുട്ട്, കറുപ്പിന് ഏഴഴക്
ഈ മുറ്റത്തു കുറുമ്പ് കാട്ടി നടന്നാലോ
വേണ്ട, വഴിതെറ്റും

പൊള്ളുന്ന വെയിലില്‍ ഇറങ്ങി നില്‍ക്കാം
അല്‍പനേരം വെയില്‍ കായാം
വേണ്ട, സൂര്യാഘാതമേല്‍ക്കും

കൊടും കാട്ടില്‍ കൈ മുറിയുന്ന മഴയത്ത്
ചേര്‍ന്നിരുന്നാലോ
വേണ്ട വിഷംതീണ്ടും

കടലോരത്ത് കൈ കോര്‍ത്ത്‌
പ്രണയാകാശത്ത് കാറ്റുള്ളപ്പോള്‍
വേണ്ട, മണല്‍ത്തരി വീണ് കണ്ണ് കലങ്ങും

മരകൊമ്പത്ത് മലര്‍ തീരത്ത്
മധു മോഹിച്ച് മനം ദാഹിച്ച്
വേണ്ട, വേടന്‍ വരും,
ചോര വാര്‍ന്നു ചത്തു വീഴും

പിന്നെ
കാറ്റും മഴയും വെയിലും ഇല്ലാത്തിടത്ത് ഇരുന്ന്‍
കാലിഡോസ്കോപ്പിലൂടെ മഴവില്ല് കാണാം
പ്രണയം ചത്തുറങ്ങുമ്പോള്‍
പതിഞ്ഞ ശബ്ദത്തി ല്‍
മേഘമല്‍ഹാര്‍ കേള്‍ക്കാം