നെല്‍സണ്‍ ഫിലിപ്പ്
ഉണരുന്നു പുലരിയില്‍ വേപഥു പൂണ്ടയാള്‍
ഉരുളുന്നു ധൃതിയില്‍ ചക്രം സമാനമായ്
രാവിന്റെ പകലിന്റെ ഭേദം തിരയാതെ
ഉലയില്‍ നിയോഗത്തില്‍ വെന്തുരുകീടുന്നു.
ചിത്തം തളര്‍ന്നയാള്‍ വീടൊന്നു പുക്കുമ്പോള്‍
ഇറയത്ത് നില്‍ക്കുന്നു പരിദേവനങ്ങള്‍
ഇരുളിന്റെ മാറില്‍ തലവച്ചുറങ്ങിയാല്‍
കനവില്‍ നിറയുന്നു ഭീകര രൂപങ്ങള്‍.
പൊള്ളുന്ന ചൂടിലും കൊല്ലും തണുപ്പിലും
വണ്ടി വലിച്ചയാള്‍ ഋഷഭം കണക്കേ
ആണ്ടുകള്‍ താണ്ടിയീ ഊഷര ഭൂമിയില്‍
മിച്ചം പിടിച്ചതോ പച്ചയാം സത്യങ്ങള്‍.
ലക്ഷ്യം മറന്നല്ല ജീവിച്ചതെങ്കിലും
ശിഷ്ടം കരങ്ങളില്‍ പാടും ദുരിദവും
ഒട്ടും നിനച്ചില്ല വര്‍ഷങ്ങളീവിധം
കഷ്ടങ്ങള്‍ ഒപ്പാതെ ഓടിമറഞ്ഞത്.
ഒഴിഞ്ഞോരു കീശയും ഉടഞ്ഞ മനസ്സുമായ്
നിലയറ്റ ജന്മമായ് മരുവി മരുവതില്‍
മങ്ങിയ കാഴ്ചയില്‍ ഇടറും ചുവടതില്‍
മണ്ടിത്തളര്‍ന്നത് അരച്ചാണ്‍ വയറിനോ?