ഫാത്തിമ നൂറ
കിണ്ടിയിലെ വെള്ളം കാലിലൊഴിച്ച്
തട്ടം താഴ്ത്തി, അകത്തു കയറുമ്പോൾ
പൈൻമരക്കൊമ്പിലിരുന്ന് ചിലക്കുന്ന
ഒറ്റമൈനയെ ഉമ്മാമ നോക്കുന്നുണ്ടായിരുന്നു
മുറ്റത്തിറങ്ങി കൈക്കോട്ടെടുത്ത
ഉപ്പാപ്പ റൂഹാനിക്കിളിയുടെയൊച്ച
കേട്ട് നെഞ്ചൊന്നുഴിഞ്ഞു
ആവി പറക്കുന്നൊരു കപ്പ് സുലൈമാനി
തിണ്ടിൽ വെച്ച് മടങ്ങുന്നുമ്മയോട്
ഉപ്പാപ്പ ചൊല്ലി : ഇനിയെന്താണാവോ?
വൈകിച്ചെന്നിട്ടും, ഉസ്താദില്ലാത്തതിനാൽ
അടി കിട്ടാത്ത സന്തോഷം
ഇത്താത്ത പറയുന്നുണ്ടായിരുന്നു
‘മോല്യേർക്കെന്ത്യേ’യെന്ന ഉമ്മാമയുടെ
ചോദ്യം ആവലാതിയുളവാക്കി
ചില്ലറ കുലുക്കി വെറുംകയ്യോടെ വന്ന
ഇക്കാക്ക പരിഭവം പറഞ്ഞതിങ്ങനെ;
അയമ്മുദാക്കയിന്ന് പീട്യ തൊർന്നീല്ല്യ
ചെവിട്ടത്തെ ഫോണെടുത്ത് കീശ
യിലിട്ട്, മുണ്ട് തോളത്തിട്ട് ഉപ്പാപ്പയിറങ്ങി
ബഹളം കേട്ട് പുറത്തിറങ്ങി
മതിലിറങ്ങി കേറിനോക്കിയപ്പോളാണ്
ആ കാഴ്ച്ച കാണുന്നത് ;
“അയലക്കത്തെ അയ്ശാത്താന്റെ
പൊരേൽ പന്തൽ കെട്ടുന്നു”