രാജൻ പെരളം
ഉന്മാദത്തിന്റെ
കാരാഗൃഹത്തിലാണ്
അന്തിയുറക്കം.
അന്തിമേഘം പോലെ ശാന്തം.
എന്നെ ഉറക്കാൻ
ചങ്ങലത്താളമിട്ടവൾ
പാടും.
ജന്മാന്തരപ്രണയ ഗാനം
അവൾ, അവളല്ലാതെയാക്കുന്ന
ആനന്ദ നൃത്തം.
കരച്ചിലില്ല നിലവിളിയില്ല
ദുരിതങ്ങളുടെ,
പെരുമഴ പെയ്തില്ല.
ചങ്ങല മുട്ടുന്ന രൗദ്ര താളം
പ്രപഞ്ചത്തിൻ ഹൃദയമിടിപ്പ്
ഉറക്കം
ദു:സ്വപ്നങ്ങളുടെ
ഒളിഞ്ഞു നോട്ടമില്ലാത
ആനന്ദനിർവൃതി
അവൾ ഉണരുന്നു.
എന്റെ ഉറക്കത്തിനും മുകളിൽ
ജീവന്റെ സകല പ്രാണനും തൊട്ട്
ബോധം ഉണർത്തുന്ന അബോധ സഞ്ചാരം.
അവൾ ആകാശം മുട്ടേ വളർന്ന്
ഭൂമിയെ, അപ്പൂപ്പൻതാടി
പോലെ ഉയർത്തെ
കടൽ കൈക്കുമ്പിളിൽ
കോരി
ആകാശത്തെറിഞ്ഞ്
മഴവില്ല് തീർത്തു
കാറ്റിന്റെ ജീവഗന്ധം
വലിച്ചെടുത്ത്
ജീവന്റെ
അണുരൂപത്തിൽ എന്നെയുറക്കി
രാത്രിയും പകലും
ജനനവും മരണവും
ഇല്ലാതെ
വീര്യമൊതെ ലഹരിയിൽ
അവളുടെ മടിയിൽ തലവെച്ചു
കിടക്കവെ
അവൾക്കു
ഞാൻ നൽകിയ
ഉന്മാദം
തിരിച്ചെടുക്കാൻ കഴിയാതെ…